ഇടുക്കി: പൊതുയോഗത്തിനിടെ ചോദ്യം ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കല്ല സമനില തെറ്റിയതെന്നും, യഥാർത്ഥത്തിൽ ആർക്കാണ് സമനില തെറ്റുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.(Public meeting is not a forum to ask questions, says Chief Minister)
പൊതുയോഗം എന്നത് ചോദ്യങ്ങൾ ചോദിക്കാനുള്ള വേദിയല്ല. അതിന് അതിന്റേതായ രീതികളുണ്ട്. പലതരത്തിലുള്ള ആവേശക്കാർ ഉണ്ടാകാം, എന്നാൽ പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കേണ്ടതില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു.
തന്റെ വാക്കുകൾ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ വസ്തുത അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉപയോഗിച്ച ‘ചെറ്റത്തരം’ എന്ന പ്രയോഗം വ്യക്തിപരമായ അധിക്ഷേപമല്ലെന്നും അത് ‘രാഷ്ട്രീയ ചെറ്റത്തരം’ എന്ന അർത്ഥത്തിലാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. ഇത് ഞാൻ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ്. ഇത് അൺപാർലമെന്ററി ഒന്നുമല്ല. പിണറായിയുടെ നാവ് മോശമാണെന്ന് ചിത്രീകരിക്കാൻ ആരും നോക്കേണ്ട, അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തെ ബി.ജെ.പി – സി.പി.എം ഡീൽ ആരോപണങ്ങളെ ‘വിചിത്രം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മുസ്ലിം നാമധാരികളായതാണോ ഈ ഡീൽ ആരോപണത്തിന് പിന്നിൽ? നാളെ ധർമ്മടത്തെക്കുറിച്ചും ഇവർ ഇത്തരം ഡീൽ ആരോപണങ്ങൾ പറയുമോ എന്ന് അദ്ദേഹം ചോദിച്ചു.
അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങളെ അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പൊതുപരിപാടിക്കിടെയുണ്ടായ സംഭവവികാസങ്ങളെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി സി.പി.എം പ്രവർത്തകനായ ദാസ് പി. ജോർജ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും അന്നത്തെ ആവേശത്തിൽ ചോദിച്ചുപോയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ്റെ വലിയ ആരാധകനാണെന്നും ദാസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് സദസ്സിലിരുന്ന ദാസ് പി. ജോർജ് ‘സി.എമ്മേ ഒരു ചോദ്യം’ എന്ന് വിളിച്ചുചോദിച്ചത്. ഇതിന് “അത് വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ മറുപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.
വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാനാണ് താൻ ശ്രമിച്ചതെന്ന് ദാസ് വിശദീകരിച്ചു. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അത് തടസ്സപ്പെടുത്താൻ പാടില്ലായിരുന്നു. ചെയ്തത് തെറ്റാണ്. വികസന കാര്യത്തിൽ അദ്ദേഹത്തിനുള്ള അറിവ് വലുതാണ്. ആ ആവേശത്തിൽ ചോദിച്ചുപോയതാണ്, അല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല, ദാസ് പി. ജോർജ് വ്യക്തമാക്കി.

