കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു (Perambra Bus Accident). ഇന്ന് (ഞായർ, മെയ് 10, 2026) ഉച്ചകഴിഞ്ഞ് 2.45-ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകൾ ഉൾപ്പെടെ 22 പേർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.
ടാങ്കർ ലോറി ഡ്രൈവറെയും ബസ് ഡ്രൈവറുടെ സീറ്റിന് തൊട്ടുപിന്നിലിരുന്ന ഒരു സ്ത്രീയെയും വാഹനം വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്‌സ് പുറത്തെടുത്തത്. ഇവരെയും മറ്റ് പരിക്കേറ്റവരെയും ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടത്തിന് പിന്നാലെ മുഖത്ത് പരിക്കേറ്റ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇയാൾ പിന്നീട് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.
അപകടത്തെത്തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്‌സും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Story Summary: At least 22 people were injured after a private bus and an HP tanker lorry collided at Velliyur near Perambra, Kozhikode, today around 2:45 PM. The impact was so severe that the front portions of both vehicles were completely crushed. Fire and Rescue services had to cut open the vehicles to rescue the tanker driver and a woman passenger. The bus driver reportedly fled the scene but was later found seeking treatment at a hospital. All injured individuals are currently receiving medical care.

