തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിന് ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് രാഹുൽ ഈശ്വർ. കേരളത്തിന്റെ മതസൗഹാർദവും ഐക്യവും നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.(Muslim League has the right to the post of Deputy Chief Minister who is also the Home Minister, says Rahul Easwar)
കേരളത്തിൽ ഒരു മുസ്ലിം ഉപമുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഉണ്ടാകുന്നത് നല്ല കാര്യമാണ്. സി.എച്ച്. മുഹമ്മദ് കോയയ്ക്ക് ശേഷം മുസ്ലിം ലീഗിൽ നിന്ന് മറ്റാരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കൾ ഈ സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് അനർഹമായത് ചോദിക്കുന്നു എന്ന് പറഞ്ഞ് ‘ഹിന്ദു നായർ വോട്ട്’ നഷ്ടപ്പെടുമെന്ന ഭീതി പരത്തി ലീഗിനെ തളച്ചിടുകയാണ് വർഷങ്ങളായി ചെയ്യുന്നത്. ഇതിനു പകരം ഹിന്ദു നായർ മുഖ്യമന്ത്രിയോടൊപ്പം മുസ്ലിം ഉപമുഖ്യമന്ത്രിയും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള വിദ്യാഭ്യാസ-ധനകാര്യ മന്ത്രിമാരും എന്ന രീതിയിലുള്ള ശരിയായ ‘ബാലൻസിലേക്ക്’ രാഷ്ട്രീയം മാറണം. പിന്നോക്ക സമുദായങ്ങൾക്കും ഈഴവ സമുദായത്തിനും രാഷ്ട്രീയ നേതൃത്വത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനങ്ങൾ തീരുമാനിക്കുന്നത് ജാതിയും മതവും നോക്കാതെ പൂർണ്ണമായും മതേതരമായാണെന്ന് വിശ്വസിക്കുന്നത് നിഷ്കളങ്കതയാണെന്ന് രാഹുൽ ഈശ്വർ പരിഹസിച്ചു. കഴിവ് മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്ന ഒരു ‘ഐഡിയൽ’ രാജ്യമാണ് നമുക്ക് വേണ്ടതെങ്കിലും, സാമൂഹിക യാഥാർത്ഥ്യം എന്നത് ‘സോഷ്യൽ എൻജിനീയറിംഗും’ സാമുദായിക സന്തുലിതാവസ്ഥയുമാണ്. കഴിഞ്ഞ തവണ സിപിഎം പ്രമുഖ സ്ഥാനങ്ങളിൽ നായർ മന്ത്രിമാരെ കൊണ്ടുവന്നതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധമായ സാമുദായിക പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു ഭരണസംവിധാനമാണ് കേരളത്തിന് ആവശ്യമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

