ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉചിതമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.(Misogynist remarks against U Prathibha, Election Commission orders immediate action)
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ലീഗ് നേതാവ് ഇർഷാദിന് എതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യു. പ്രതിഭയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും ഇന്ന് ഔദ്യോഗികമായി പരാതി നൽകും.
സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തി പൊതുമധ്യത്തിൽ തന്നെ അവഹേളിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം. തെരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങവെ, ഇത്തരം വ്യക്തിഹത്യകൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന നിലപാടിലാണ് എൽഡിഎഫ്.

