തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഉള്ളിൽ കടന്ന പ്രവർത്തകർ വാതിലിന് മുന്നിൽ റീത്ത് വെച്ചു.(Medical malpractice in Vandanam, Youth Congress workers barge into Health Minister’s residence)
തൈക്കാട് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ മന്ത്രിയുടെ വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി. സംഭവസമയത്ത് രണ്ട് പോലീസുകാർ മാത്രമാണ് വസതിയിൽ ഉണ്ടായിരുന്നത്. സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വസതിക്ക് മുന്നിൽ കരിങ്കൊടി ഉയർത്തിയ പ്രവർത്തകർ സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചു. പിന്നീട് പുറത്തിറങ്ങിയ ഇവർ ഗേറ്റിന് മുന്നിൽ പ്രതിഷേധം തുടർന്നു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. യൂണിറ്റ് ചീഫും വകുപ്പ് മേധാവിയുമായിരുന്ന ഡോ. ലളിതാംബികയെ പ്രതിയാക്കി അമ്പലപ്പുഴ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലുള്ള അശ്രദ്ധമായ പ്രവർത്തനത്തിന് ബി.എൻ.എസ് 125, 125 (a) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ, നഴ്സിംഗ് ഓഫീസർ ധന്യ എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ദ്ധ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കും. ആലപ്പുഴ സ്വദേശിനി ഉഷ ജോസഫിന്റെ ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉപകരണം വയറ്റിൽ കുടുങ്ങിയ വിവരം പുറത്തറിയുന്നത്. ഉഷയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചികിത്സാ പിഴവിനൊപ്പം തന്നെ, ഡോ. ലളിതാംബികയ്‌ക്കെതിരെ കൈക്കൂലി ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.

