തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ക്ഷമ ചോദിച്ച നടപടിയിൽ സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്തെത്തി.(Mammootty’s Wayanad Township visit controversy, Criticism for Chief Minister’s apology)
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മഹാനടനെ മനസ്സിലാക്കുന്നതിൽ പിഴവ് പറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി സംസാരിച്ചത് സദുദ്ദേശത്തോടെയാണ്. ചെന്നൈയിൽ നിന്ന് ആരെയും അറിയിക്കാതെ എത്തിയ അദ്ദേഹം, തന്റെ സന്ദർശനം വിവാദമാകരുതെന്ന് കരുതിയാണ് ചില കാര്യങ്ങൾ സ്വകാര്യമായി പങ്കുവെച്ചത്.
മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും അദ്ദേഹത്തിന്റെ മനസ്സിനുണ്ടായ വിഷമത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ സെക്രട്ടറി നല്ല രീതിയിലാണ് ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഈ പരസ്യമായ മാപ്പപേക്ഷ പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചാവിഷയമായി.

