കാളികാവ്: ഭാര്യയെ പൂട്ടിയിട്ട് മാരകമായി പീഡിപ്പിക്കുകയും പെൺസുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു (Malappuram crime news). വണ്ടൂർ വടക്കേകര തുള്ളിശ്ശേരി സ്വദേശി ഷാഹുൽ ഹമീദ് (40) ആണ് കാളികാവ് പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലമ്പൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിയുടെ അവിഹിതബന്ധത്തെ ഭാര്യ ചോദ്യം ചെയ്തതാണ് ക്രൂരമായ അതിക്രമത്തിന് കാരണമായത്. കഴിഞ്ഞ മാർച്ച് 16-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കേസിലെ രണ്ടാം പ്രതിയും ഷാഹുൽ ഹമീദിന്റെ പെൺസുഹൃത്തുമായ യുവതി താമസിക്കുന്ന പുറ്റമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ചായിരുന്നു മർദനം. ഭാര്യയുടെ കൈകാലുകൾ കെട്ടിയിട്ട്, വായിൽ തുണി തിരുകിയ ശേഷം പ്രതി അതിക്രൂരമായി മർദിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ ശരീരത്തിൽ ആഴത്തിൽ മുറിവുകളുണ്ടാക്കുകയും ചെയ്തു.
പിറ്റേന്ന്, ഭാര്യയ്ക്ക് അപകടത്തിൽ പരിക്കേറ്റതാണെന്ന് വരുത്തിത്തീർക്കാനായി പ്രതി ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ ലഭ്യമാക്കി തിരികെ വീട്ടിലെത്തിച്ചു. തുടർന്ന് പ്രതിയുടെ തടങ്കലിൽ നിന്നും രക്ഷപ്പെട്ട യുവതി മാർച്ച് 23-ന് കാളികാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഈ കേസന്വേഷണത്തിനിടയിലാണ് പ്രതിക്കെതിരെ പോക്സോ (POCSO) വകുപ്പ് പ്രകാരമുള്ള മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുന്നത്. കേസിലെ രണ്ടാം പ്രതിയായ വിവാഹമോചിതയായ യുവതിയുടെ മകളെ ഷാഹുൽ ഹമീദ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. കഴിഞ്ഞ ജനുവരി മാസത്തിൽ കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതായി കുട്ടികളിൽ ഒരാൾ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് എടുത്തത്.
Story Summary: The Kalikavu police have arrested a 40-year-old man named Shahul Hameed for brutally torturing his wife and sexually assaulting his female friend’s minor daughter. The accused has been remanded by the court, and the Nilambur DYSP is currently heading the investigation.

