തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ തുടർനടപടികൾക്കായി പോലീസ് കോടതിയുടെ അനുമതി തേടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനായി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.(Kit controversy, Police seeks court permission for further action)
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കിറ്റ് വിവാദം തൃശൂരിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. വിഷു പ്രമാണിച്ച് ഒരു സന്നദ്ധ സംഘടനയ്ക്ക് നൽകാൻ ഓർഡർ ചെയ്തതാണ് കിറ്റുകളെന്നാണ് ഇയാൾ പോലീസിനോട് ആവർത്തിക്കുന്നത്.
എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി നടത്തിയ നീക്കമാണിതെന്ന് ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. വിഷയം സജീവ ചർച്ചയാക്കി വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാനാണ് ഇരു മുന്നണികളുടെയും ശ്രമം.

