തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ സംഘർഷഭരിതമായി.(Kit controversy, Dramatic scenes in Vadanappally, supermarket owner in custody)
പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സൂപ്പർമാർക്കറ്റ് ഗോഡൗണിൽ പരിശോധന നടത്തി. വിതരണത്തിനായി തയ്യാറാക്കിയ കിറ്റുകൾ ഉദ്യോഗസ്ഥർ സീൽ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗൺ ഉടമയെയും കിറ്റുകൾക്ക് ഓർഡർ നൽകിയ വ്യക്തിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പരിശോധന നടന്ന ഗോഡൗണിന് മുകളിലെ മുറിയിൽ ബിജെപി നേതാവും നടനുമായ ദേവൻ ഉണ്ടായിരുന്നു എന്നത് വൻ ചർച്ചയായി. ബിജെപി നേതാവിനൊപ്പമാണ് ദേവൻ പുറത്തേക്ക് വന്നത്. ഇദ്ദേഹം ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടതോടെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. വോട്ടർമാരെ സ്വാധീനിക്കാൻ രണ്ടായിരത്തോളം കിറ്റുകൾ വിതരണത്തിന് എത്തിച്ചുവെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. നാല് വാഹനങ്ങളിലായി കിറ്റുകൾ എത്തിച്ച് വിതരണം ചെയ്തതായി കോൺഗ്രസും പരാതി നൽകി. സ്ഥലത്ത് വൻ പോലീസ് സന്നാഹവും കേന്ദ്ര സേനയും ക്യാമ്പ് ചെയ്യുന്നുണ്ട്.

