എടത്വ: നഷ്ടപ്പെട്ടെന്ന് കരുതി ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ തലവടി സ്വദേശിനിയായ കുഞ്ഞച്ചാമ്മയെ തേടിയെത്തിയത് ഒരു കോടി രൂപയുടെ മഹാഭാഗ്യം. തലവടി ആനപ്രമ്പാൽ കൊച്ചമ്മനം മംഗലത്ത് ബേക്കറി നടത്തുന്ന കുഞ്ഞച്ചാമ്മയ്ക്കാണ് (72) കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് (Kerala Lottery Winner Kunjachamma). ആദ്യം സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിലാണ് കോടീശ്വരിയാണെന്ന വിവരം ഇവർ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ച എടുത്ത ടിക്കറ്റിന്റെ ഫലം വ്യാഴാഴ്ച പത്രത്തിൽ വന്നപ്പോൾ കുഞ്ഞച്ചാമ്മ പരിശോധിച്ചിരുന്നു. എന്നാൽ മുടക്കുമുതലോ ചെറിയ സമ്മാനങ്ങളോ ലഭിച്ചില്ലെന്ന് കണ്ട് ടിക്കറ്റ് കടയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. വൈകുന്നേരം കട അടച്ചപ്പോൾ കടയിലെ മാലിന്യങ്ങൾക്കൊപ്പം ഈ ടിക്കറ്റും പുറത്തെ മാലിന്യക്കൂമ്പാരത്തിലേക്ക് കളഞ്ഞു. എന്നാൽ രാത്രി പള്ളിയിൽ പോയി മടങ്ങിവന്നപ്പോൾ സഹോദരനാണ് ഈ നമ്പരിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയിച്ചത്.
ഉടൻ തന്നെ കടയിലെത്തി മാലിന്യക്കൂമ്പാരത്തിൽ തിരച്ചിൽ നടത്തിയ കുഞ്ഞച്ചാമ്മയ്ക്ക് ഭാഗ്യടിക്കറ്റ് തിരികെ ലഭിക്കുകയായിരുന്നു. ഈ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് 5000 രൂപയും ഇവർക്ക് ലഭിച്ചിട്ടുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ തലവടി ശാഖയിൽ ഏൽപ്പിച്ചു. സഹോദരനൊപ്പം താമസിക്കുന്ന തനിക്ക് ഈ തുക വലിയൊരു ആശ്വാസമാണെന്നും ഇനി ആരുടെയും ആശ്രയമില്ലാതെ ജീവിക്കാൻ സാധിക്കുമെന്നും കുഞ്ഞച്ചാമ്മ പറഞ്ഞു.
Summary: A 72-year-old bakery owner in Thalavadi, Kerala, named Kunjachamma, won a one-crore rupee prize in the Karunya Plus lottery after initially discarding the winning ticket. Thinking she hadn’t won, she threw the ticket into the trash, only to realize her mistake later that night. After a frantic search in the waste pile, she recovered the ticket, which has now been submitted to the Federal Bank’s Thalavadi branch.

