കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ചിരുന്ന കാലയളവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിനോട് 30 ദിവസത്തിനുള്ളിൽ പുതിയ സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദ്ദേശിച്ചത്. തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് സുപ്രധാന വിധി.(Kerala High Court Orders To Include Fathers Name In Birth Certificate)
വിവാഹിതരല്ലാതെ ഒരുമിച്ച് താമസിച്ചിരുന്ന കാലയളവിൽ 2012-ലാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചത്. അന്ന് വിവാഹിതരല്ലാത്തതിനാൽ സിംഗിൾ മദറിന്റെ പേരിലാണ് ജനന രജിസ്ട്രേഷൻ നടത്തിയത്. പിന്നീട് 2018-ൽ ഇവർ നിയമപരമായി വിവാഹം കഴിച്ചു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വം സ്ഥിരീകരിച്ച് കുടുംബ കോടതി ഉത്തരവ് നേടുകയും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ പിതാവിന്റെ പേര് ചേർക്കുകയും ചെയ്തു. എന്നാൽ, ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന പഞ്ചായത്തിന്റെ നിലപാടിനെത്തുടർന്നാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിയുടെ ഭാവിയും സാമൂഹിക അന്തസ്സും പരിഗണിച്ച് കോടതി തന്റെ പ്രത്യേക അധികാരം വിനിയോഗിക്കുകയാണെന്ന് വിധിയിൽ വ്യക്തമാക്കി. നിയമത്തിന്റെയും ചട്ടങ്ങളുടെയും വാച്യാർത്ഥത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ മാനുഷികമായ സമീപനം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ചാൾസ് ഡിക്കൻസിന്റെ ‘ഒലിവർ ട്വിസ്റ്റ്’ എന്ന കൃതിയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട്, നിയമവ്യവസ്ഥകൾക്ക് മാനുഷിക വ്യാഖ്യാനം നൽകേണ്ടത് അത്യാവശ്യമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
Story Summary
The Kerala High Court has directed the Pallickal Grama Panchayat to include the father’s name in the birth certificate of a child born through assisted reproduction to an unmarried couple who later legally married. Emphasizing the child’s future and social dignity, the court intervened humanely, setting aside technical restrictions that previously prevented the update of the birth certificate.

