തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരരുത് എന്ന സച്ചിദാനന്ദന്റെ പ്രസ്താവനയിൽ ശരികേടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. സാംസ്കാരിക നായകർ രാഷ്ട്രീയ പ്രശ്നങ്ങൾ ശരിയായി പഠിക്കാതെ സംസാരിക്കുന്നത് ജനവിശ്വാസികളെ വിഷമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് മൗനം പാലിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(K Satchidanandan made the statement without interfering in political issues, says Minister V Sivankutty)
കണ്ണുമടച്ച് എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരരുത് എന്ന് പറയുന്നത് ശരിയല്ല. ഇടതുപക്ഷം ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തുന്നത്. അതുകൊണ്ട് തന്നെ വോട്ട് ചോദിക്കാനുള്ള അവകാശം പാർട്ടിക്കുണ്ട്. ഹോംവർക്ക് ചെയ്യാതെയും രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കാതെയുമാണ് സച്ചിദാനന്ദൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നത് കോൺഗ്രസ് നേതാക്കളാണ്. ഈ കൊള്ളയ്ക്ക് നേതൃത്വം നൽകിയതും അവർ തന്നെ. സ്വർണ്ണക്കവർച്ചാ കേസിൽ ആന്റോ ആന്റണി പണം വാങ്ങിയെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണം. സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോ പുറത്തുവന്നിട്ടും കോൺഗ്രസ് നേതാക്കൾ ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.



