തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മുൻ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാർ കഴിഞ്ഞ ഇടതുസർക്കാർ റദ്ദാക്കിയതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.(Electricity Minister Sunny Joseph Blames Previous CPM Government For Kerala Power Crisis)
കരാർ പാലിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാർ തയ്യാറാകാതിരുന്നതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നത്. സമരം ചെയ്യുന്നവർ പ്രതിഷേധിക്കേണ്ടത് ദീർഘകാല കരാർ റദ്ദാക്കിയ ഇടതുപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പകൽ സമയത്ത് വൈദ്യുതി ലഭ്യമാണെങ്കിലും രാത്രിയിലാണ് ഉപഭോഗം വൻതോതിൽ ഉയരുന്നത്.
പകൽ സമയത്ത് തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന വൈദ്യുതി, ഉപഭോഗം കൂടുന്ന രാത്രി സമയങ്ങളിൽ യൂണിറ്റിന് പത്ത് രൂപയോളം ഉയർന്ന നിരക്കിൽ വാങ്ങേണ്ടി വരുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൈമാറ്റ വ്യവസ്ഥയിൽ വായ്പയായി വാങ്ങിയ വൈദ്യുതി ഈ മൺസൂൺ കാലത്ത് തിരികെ നൽകേണ്ടതുണ്ട്.
അതേസമയം, ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തടസ്സമില്ലാതെ കാണുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എം. മണിയുടെ വിമർശനങ്ങൾക്കും മന്ത്രി സണ്ണി ജോസഫ് ശക്തമായ മറുപടി നൽകി. എം.എം. മണിക്ക് ശിഷ്യപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, അദ്ദേഹം ഭരിച്ചിരുന്ന കാലത്ത് വൈദ്യുതി മേഖലയിൽ എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന് ചോദിച്ചു. കോൺഗ്രസിനുള്ളിലെ കെ.എസ്‌യു-മുഖ്യമന്ത്രി തർക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, പരസ്യ വിമർശനങ്ങളെ പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും വിയോജിപ്പുകൾ പാർട്ടി വേദികളിൽ ഒതുക്കണമെന്നുമാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചർച്ചകളിലൂടെ അത് യോജിപ്പോടെ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Summary
Kerala Electricity Minister Sunny Joseph blamed the previous Pinarayi Vijayan government’s cancellation of a long-term power purchase agreement for the state’s severe electricity crisis. Highlighting that daytime solar power is cheap but nighttime power costs up to ₹10 per unit, the minister noted the financial strain of maintaining supply, while ensuring that measures are taken for unhindered World Cup viewing.


