പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതിനെത്തുടർന്ന് പാർട്ടിക്ക് വിശദീകരണം നൽകി എ. പത്മകുമാർ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല എന്നുമാണ് അദ്ദേഹം നൽകിയ വിശദീകരണം. പത്തനംതിട്ട ജില്ലാ നേതൃത്വം തപാൽ വഴി അയച്ച നോട്ടീസിന് ദൂതൻ വഴിയാണ് പത്മകുമാർ മറുപടി കൈമാറിയത്.(Did nothing wrong, A Padmakumar replied via messenger)
പത്മകുമാറിന്റെ വിശദീകരണം തള്ളിക്കൊണ്ട് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സി.പി.എം നീക്കമെന്നാണ് സൂചന. പാർട്ടിക്കുള്ളിൽ അദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാന സമിതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ജില്ലാ കമ്മിറ്റി ഇപ്പോൾ നടപടികളുമായി മുന്നോട്ട് പോകുന്നത്.
പത്മകുമാറിനെതിരെയുള്ള അച്ചടക്ക നടപടി തീരുമാനിക്കാൻ വരുന്ന തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഈ യോഗത്തിൽ പുറത്താക്കൽ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

