തിരുവനന്തപുരം: സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ ശക്തികളുമായി രണ്ട് പാർട്ടികളും കൈകോർക്കുകയാണെന്നും ഇതിനെ കേരളത്തിലെ ജനങ്ങൾ വെല്ലുവിളിയായി ഏറ്റെടുത്ത് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(CPM and Congress are one, says Rajeev Chandrasekhar)
രാജ്യത്തെ 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുമിച്ച് നിൽക്കുന്നവർ കേരളത്തിൽ വിരുദ്ധരെന്ന ഭാവം നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി, സംസ്ഥാനത്തെ കൊള്ളയടിക്കൽ, ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കൽ എന്നീ കാര്യങ്ങളിൽ ഇരുപാർട്ടികളും ഒരേ നിലപാടുകാരാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
വിശ്വാസികളെ ആക്രമിക്കുന്നതിലും ക്ഷേത്രം കൊള്ളയടിക്കുന്നവർക്ക് കൂട്ടുനിൽക്കുന്നതിലും ഇവർക്ക് ഒരേ താല്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകൾ നിയന്ത്രിക്കുന്ന അഴിമതി നിറഞ്ഞ ഭരണത്തിന്റെ തുടർച്ചയാണോ അതോ ബി.ജെ.പി/എൻ.ഡി.എ മുന്നോട്ടുവെക്കുന്ന വികസിതവും സുരക്ഷിതവുമായ കേരളമാണോ വേണ്ടതെന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മലയാളികൾ തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

