തിരുവനന്തപുരം: കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് സർക്കാർ ‘ബുൾഡോസർ രാജ്’ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെലുഗുമാറ്റ്‌ലയിൽ ഭൂരഹിതരുടെ വീടുകൾ തകർത്ത നടപടി മനുഷ്യത്വഹീനമാണെന്നും ഇതിന് മറുപടി പറയാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Copy of North Indian BJP governments, CM slams Congress over Telangana evictions)
തെലങ്കാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കേരളത്തിലെ മാധ്യമങ്ങളിൽ വലിയ പരസ്യങ്ങളായി നൽകുന്ന കോൺഗ്രസ്, സ്വന്തം ഭരണത്തിന് കീഴിൽ ജനങ്ങളെ തെരുവിലിറക്കുന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. ആചാര്യ വിനോബ ഭാവെ ഭൂരഹിതർക്ക് നൽകിയ ഭൂമിയിലെ വീടുകളാണ് തകർക്കപ്പെട്ടത്. ഭൂദാൻ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെപ്പോലും അംഗീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ആശ്ചര്യകരമാണ്.
കേരള സർക്കാർ പട്ടയമില്ലാത്തവർക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കുമ്പോൾ, തെലങ്കാനയിൽ പട്ടയമുള്ളവരെപ്പോലും വ്യാജപ്പട്ടയക്കാരായി ചിത്രീകരിച്ച് കുടിയൊഴിപ്പിക്കുകയാണ്. കർണാടകയിലെ യലഹങ്കയിൽ 3000-ത്തോളം പേരെ ഭവനരഹിതരാക്കിയതിന്റെ തുടർച്ചയാണ് തെലങ്കാനയിലും കാണുന്നത്. അധികാരം കിട്ടിയാൽ സാധാരണക്കാരോട് കോൺഗ്രസ് കാണിക്കുന്ന സമീപനം ഇതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് വീട് വെച്ചുനൽകുമെന്ന് വാഗ്ദാനം നൽകി കോൺഗ്രസ് ഇപ്പോൾ വാക്ക് വിഴുങ്ങുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളം ദുരന്തബാധിതരെ ചേർത്തുനിർത്തി പുതിയ വീടുകൾ നൽകി മാതൃക കാട്ടുമ്പോൾ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദരിദ്രരെ ആട്ടിപ്പായിക്കുന്ന ‘കുടില രാഷ്ട്രീയമാണ്’ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

