തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. തിരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വോട്ടെടുപ്പ് ദിവസം ചൂട് കൂടുമെന്ന റിപ്പോർട്ടുകൾ വന്നതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Assembly Elections, extreme heat in Kerala, Yellow alert in 8 districts)
പാലക്കാട്: 38°C വരെ ചൂട് കൂടാൻ സാധ്യത. കൊല്ലം, കോട്ടയം, തൃശൂർ: 37°C വരെ താപനില ഉയരാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം: 36°C വരെ ചൂട് അനുഭവപ്പെടാം. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഈർപ്പമുള്ള വായു കാരണം കഠിനമായ അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായവർക്കും വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി. പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ എന്നിവ പരമാവധി വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുക. പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. കൈയ്യിൽ എപ്പോഴും കുടിവെള്ളം കരുതണം.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പാദരക്ഷകൾ നിർബന്ധമായും ധരിക്കുക. പകൽ സമയത്തെ യോഗങ്ങളിൽ തണലും കുടിവെള്ളവും ഉറപ്പാക്കണം. ജനക്കൂട്ടമുള്ള ഇടങ്ങളിൽ പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും ആംബുലൻസും ഉണ്ടായിരിക്കണം. സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഓരോ വോട്ടറും പ്രവർത്തകരും സ്വയം സുരക്ഷ ഉറപ്പാക്കണം.

