നിയമന കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കത്ത് വ്യാജമാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി മേയര്‍ കോടതിയിൽ വ്യക്തമാക്കി. വ്യാജ കത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ പറഞ്ഞു.

നിലവില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തിവരികയാണ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയിലേക്ക് കേസ് കൈമാറേണ്ട ഘട്ടം എത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാറാണ് കത്ത് വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോര്പറേഷന് പരിധിയില്‍ ഒഴിവു വന്ന തസ്തികകളിലേക്ക് ആളുകളെ നിയമിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറിക്ക് കത്ത് കൊടുത്ത മേയറുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയിരിക്കുന്നത്.