

ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ 84-ാമത് വാർഷിക സമ്മേളനം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഡിസംബർ 28 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. വി ശിവദാസൻ എം പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണേഷ്യയിലെ ചരിത്രകാരന്മാരുടെയും, ചരിത്രഗവേഷകരുടെയും ഏറ്റവും വലിയ പ്രൊഫഷണൽ അക്കാദമിക സംഘടനയാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്. (Congress)
ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ് പ്രസിഡന്റ് രാജൻ ഗുരുക്കൾ അധ്യക്ഷനാകും. കെ സുധാകരൻ എം പി വിശിഷ്ടാതിഥിയാകും. സമ്മേളന സുവനീർ പ്രകാശനം ഡോ. വി ശിവദാസൻ എം പി നിർവഹിക്കും. ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി പ്രൊഫ. സയ്യദ് അലി നദീം റിസാവി പ്രഭാഷണം നടത്തും.
ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് പ്രതിനിധികൾ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പുരാതന ഇന്ത്യ, ആധുനിക ഇന്ത്യ, സമകാലിക ഇന്ത്യ, ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങൾ, പുരാവസ്തു പഠനം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി ഒരേ സമയം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. കൂടാതെ അനുസ്മരണ പ്രഭാഷണങ്ങളും, പാനൽ ചർച്ചകളും കോൺഗ്രസിന്റെ ഭാഗമായി നടക്കുന്നുണ്ട്. കേരള ചരിത്രത്തെ സംബന്ധിച്ചുള്ള പ്രത്യേക സെഷനും ഉണ്ടായിരിക്കും.
എസ് സി മിശ്ര സ്മാരക പ്രഭാഷണം 28ന് വൈകീട്ട് ആറ് മണിക്ക് ഡൽഹി സർവകലാശാലയിലെ പ്രൊഫ. ഹർഫത്ത് ഹസ്സൻ നിർവഹിക്കും. 29ന് വൈകീട്ട് ആറ് മണിക്ക് സിമ്പോസിയത്തിൽ പ്രൊഫ. രൺബീർ ചക്രവർത്തി, പ്രൊഫ. എസ്. ഇസെഡ് എച്ച് ജാഫ്രി, പ്രൊഫ. അമർ ഫാറൂഖി എന്നിവർ പങ്കെടുക്കും.
ചരിത്രകോൺഗ്രസിനോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തക പ്രകാശനവും ചരിത്ര, പൈതൃക പ്രദർശനവും സംഘടിപ്പിക്കും. എക്സിബിഷൻ 27ന് സബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി ഉദ്ഘാടനം ചെയ്യും. പുരാതന ഇന്ത്യ, ആധുനിക ഇന്ത്യ, സമകാലിക ഇന്ത്യ, ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങൾ, പുരാവസ്തു പഠനം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അനുസ്മരണ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും ചരിത്ര കോൺഗ്രസിന്റെ ഭാഗമായി ഉണ്ടാവും. കേരള ചരിത്രത്തെ സംബന്ധിച്ച പ്രത്യേക സെഷനും ഉണ്ടാകും. മികച്ച 16 പ്രബന്ധങ്ങൾക്ക് പുരസ്‌കാരം നൽകും.
പുസ്തകോത്സവത്തിൽ പ്രമുഖ ചരിത്രകാരി റോമില ഥാപ്പർ രചിച്ച 'ദി പ്രസന്റ് കോളണൈസസ് ദി പാസ്റ്റ്: ദി ഫ്യൂച്ചർ ഫോർസേക്കൺ' എന്ന പുസ്തകം പ്രകാശനം ചെയ്യും. 27 ന് വൈകിട്ട് പ്രൊഫ. രാജൻ ഗുരുക്കൾ പ്രമുഖ എഴുത്തുകാരൻ ടോണി ജോസഫിന് നൽകിയാണ് പ്രകാശനം നടത്തുക. 28, 29 ദിവസങ്ങളിൽ രാത്രി 7.30 മുതൽ കലാപരിപാടികളും അരങ്ങേറും. 28 ന് നർത്തകിയും സിനിമ താരവുമായ മീര നായരും സംഘവും 'തെയ്യാട്ടം, ദി ഡിവൈൻ റീബെർത് ഓഫ് ഓപ്രെസ്സ്ഡ് ലവ്' എന്ന പ്രമേയത്തെ ആസ്പദമാക്കി നൃത്ത പരിപാടി അവതരിപ്പിക്കും. 29 ന് കഥകളി, അലാമിക്കളി, പൂരക്കളി, പണിയ നൃത്തം, ചവിട്ടുനാടകം, ഒപ്പന, മാർഗംകളി, കളരി തുടങ്ങിയവ കോർത്തിണക്കിയുള്ള സംഗീത നൃത്ത ഫ്യൂഷൻ അരങ്ങേറും.
30 ന് വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ. പി മോഹൻദാസ് അധ്യക്ഷനാവും. ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി പ്രൊഫ. സയ്യിദ് അലി നദീം റെസാവി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ.കെ സാജു, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ എന്നിവർ പങ്കെടുക്കും. കേരളത്തിൽ ആദ്യമായാണ് ഒരു ഗവ. കോളേജ് ഇന്ത്യൻ ചരിത്ര കോൺഗ്രസിന് വേദിയാവുന്നത്.
ഗവ. ബ്രണ്ണൻ കോളേജ് ഒറൈസ് ഹാളിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ഡോ. വി ശിവദാസൻ എം പി, പ്രൊഫ. സയെദ് അലി നദീം റെസാവി, പ്രൊഫ. വിനോദൻ നാവത്ത്, പ്രിൻസിപ്പൽ പ്രൊഫ. ജെ വാസന്തി, പ്രൊഫ. കെ.പി പ്രശോഭിത്ത്, ഡോ. എ വത്സലൻ, ഡോ. എം.ടി നാരായണൻ, ജി. എസ് അഭിനന്ദ് എന്നിവർ പങ്കെടുത്തു.