ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

Veena George
Updated on

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന നേപ്പാൾ സ്വദേശിനി 22 വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും കൂടിക്കാഴ്ച നടത്തി. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയിൽ മെച്ചപ്പെടുന്നുണ്ട്. ഡോക്ടർമാരുമായി ആശയവിനിമയം നടത്തി. മികച്ച ചികിത്സ തന്നെ നൽകുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട്. ജനറൽ ആശുപത്രി ടീമിനെ പിന്തുണച്ചുകൊണ്ട് വിദഗ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറൽ ആശുപത്രി ടീമുമായി ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്.

2021 ഡിസംബറിലാണ് ആദ്യ ഓപ്പൺ ഹാർട്ട് സർജറി എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. ഇന്ന് ജനറൽ ആശുപത്രി സന്ദർശിച്ചപ്പോൾ അന്നത്തെ അടിസ്ഥാന സൗകര്യം ക്രമീകരിക്കുന്നത് മുതൽ പിന്നീടിങ്ങോട്ട് ഓരോ ഘട്ടവും കെ സോട്ടോ ലൈസൻസ് നേടിയതുൾപ്പടെ മനസ്സിൽ നിറഞ്ഞതായി മന്ത്രി കുറിച്ചു. അന്നത്തെ ടീം അംഗങ്ങളിൽ ഡോ ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ ഉൾപ്പെടെയുള്ളവർ ഇന്ന് ഹാർട്ട് ട്രാൻസ്പ്ലാന്റ് ടീം ലീഡ് ചെയ്യുന്നുണ്ട്.

രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ഹൃദയമാണ് മാറ്റിവച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഈ കാലയളവിൽ ഇവിടെ സാധ്യമാക്കി. ഇതിന് പിന്നാലെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.

അനാഥയായ നേപ്പാൾ സ്വദേശിനിയ്ക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളം കരുതലൊരുക്കിയത്. ഇപ്പോൾ ഒരു അനുജൻ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. ഈ പെൺകുട്ടിയ്ക്കും ഇതേ അസുഖമായിരുന്നു. നോക്കാൻ ആരുമില്ലാത്തതിനാൽ അനാഥാലയത്തിലായിരുന്നു ഈ പെൺകുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. വൻ ചികിത്സാ ചെലവ് കാരണമാണ് അവർ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.

എംഎൽഎ ടിജെ വിനോദ്, കെ സോട്ടോ എക്സി. ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, ഡിഎംഒ ഡോ. ഷീജ, ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ, ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ, ഡോ. ലിജോ ജോർജ്, ഡോ. പോൾ തോമസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com