കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചിന്നുലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.(2 students injured in car accident in Kollam, Information says vehicle belonged to UDF activists )
ആശ്രാമം ലിങ്ക് റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം വൈകിട്ട് 6.30-ഓടെയാണ് അപകടം നടന്നത്. ഹോക്കി സമ്മർ ക്യാമ്പിൽ പങ്കെടുത്ത ശേഷം രക്ഷിതാക്കൾക്കൊപ്പം ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്നു വിദ്യാർത്ഥികൾ. അമിതവേഗതയിലെത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ചിന്നുലക്ഷ്മി കായലിലേക്ക് തെറിച്ചുവീണു. ധനലക്ഷ്മി ഫുട്പാത്തിലെ സംരക്ഷണ കമ്പിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

