പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ചർച്ചാവിഷയമായ വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് കെ.സി. വേണുഗോപാൽ. എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളൊക്കെയുണ്ട് കൂടെ എന്ന് പറഞ്ഞ് വിജയിയെ ചേർത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. (We are all with you, KC Venugopal consoles Vijay Induchoodan)
അമ്മയോട് കാര്യങ്ങൾ പറയണമെന്നും അദ്ദേഹം വിജയിയോട് നിർദ്ദേശിച്ചു.
സീറ്റ് നിഷേധിക്കപ്പെട്ടതോടെ വിജയ് ഇന്ദുചൂഡൻ പാർട്ടി വിടുമെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ ശക്തമായി എതിർത്ത് വിജയ് രംഗത്തെത്തി. കോൺഗ്രസ് പ്രസ്ഥാനത്തെ താൻ ഒരിക്കലും സമ്മർദ്ദത്തിലാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്റെ അച്ഛൻ ആർ. ഇന്ദുചൂഡൻ ഈ പാർട്ടിക്ക് വേണ്ടി രക്തം ചീന്തി മരിച്ചയാളാണ്. കോൺഗ്രസ് എന്റെ രക്തമാണ്. മറുചിന്തകൾ കൊണ്ടോ പ്രകടനങ്ങൾ കൊണ്ടോ ഈ പ്രസ്ഥാനത്തെ ഞാൻ പ്രതിസന്ധിയിലാക്കില്ല, അദ്ദേഹം പറഞ്ഞു. ആറന്മുള മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയ് ഇന്ദുചൂഡനെ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയിൽ അബിൻ വർക്കിയാണ് ഇടംപിടിച്ചത്.

