കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫ് മന്ത്രിസഭയിലെ ഒരു ഡസനോളം മന്ത്രിമാർ പരാജയപ്പെടുമെന്നും പല വൻമരങ്ങളും കടപുഴകുമെന്നും അദ്ദേഹം പ്രവചിച്ചു. (UDF will cross 100 seats, VD Satheesan lashes out at CPM )
വടക്കൻ ജില്ലകളിൽ നിന്ന് എണ്ണിയാൽ എട്ട് ജില്ലകൾ കഴിയുമ്പോൾ തന്നെ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്ന് സതീശൻ അവകാശപ്പെട്ടു. ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞതൊന്നും ഇതുവരെ മാറ്റിപ്പറയേണ്ടി വന്നിട്ടില്ല. യുഡിഎഫ് 100 സീറ്റിലധികം നേടും, അതിൽ ഒരു സംശയവുമില്ല- സതീശൻ പറഞ്ഞു.
സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കോവിഡ് കാലത്ത് ജനങ്ങൾ ദുരിതത്തിലായപ്പോൾ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ് സർക്കാർ 80 ശതമാനം കമ്മീഷൻ അടിച്ചെടുത്തു. പയ്യന്നൂരിലും അഭിമന്യുവിന്റേയും വിഷ്ണുവിന്റേയും ഫണ്ടുകൾ സിപിഎം അടിച്ചുമാറ്റി. അവർ ശവംതീനികളാണ് എന്ന് സതീശൻ ആഞ്ഞടിച്ചു. അയ്യപ്പന്റെ സ്വർണ്ണവും ദ്വാരപാലക ശില്പവും വരെ മോഷ്ടിച്ച് വിൽക്കുന്ന കൊള്ളക്കാരുടെ സർക്കാരാണിതെന്ന് അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നത് വർഗീയതയാണ്. സീറ്റ് വിഭജനം കഴിഞ്ഞപ്പോൾ ആർക്കാണ് കൂടുതൽ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആപ്പ് വഴിയാണ് പണം ശേഖരിച്ചതെന്നും അതിന്റെ കണക്കുകൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. ഈ വിഷയത്തിൽ സിപിഎമ്മാണ് ഇപ്പോൾ പ്രതിരോധത്തിലായിരിക്കുന്നത്.
മാധ്യമ സർവേകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന് പറഞ്ഞ സർവേകളുടെ ഗതി എന്തായെന്ന് അദ്ദേഹം ചോദിച്ചു. ആർഎസ്എസ്, എസ്ഡിപിഐ, പിഡിപി തുടങ്ങിയ ശക്തികൾ സിപിഎമ്മിനൊപ്പമാണെന്നും സതീശൻ ആരോപിച്ചു. പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകാനാവില്ലെന്നും കേരളം കണ്ട ഏറ്റവും മോശം സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.

