തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തിരുവനന്തപുരം നഗരത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ ‘പോസ്റ്റർ യുദ്ധം’. എൽഡിഎഫ് സ്ഥാപിച്ച കൂറ്റൻ പ്രചാരണ ബോർഡുകളെ പരിഹസിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ സ്ഥാപിച്ച പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചാവിഷയം.(UDF uses LDF board as weapon, Poster war intensifies in Trivandrum )
നഗരത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സഹിതം “എൽഡിഎഫ് അല്ലാതെ മറ്റാര്” എന്ന വാചകം ഉപയോഗിച്ചാണ് ഇടതുമുന്നണി പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മറുപടിയായാണ് യുഡിഎഫ് പ്രവർത്തകർ ബോർഡുകൾക്ക് താഴെ നടപ്പാതയിൽ പുതിയ പോസ്റ്ററുകൾ പതിപ്പിച്ചത്.
“സ്വർണം കട്ടത് ആരപ്പാ? ഉത്തരം അറിയാൻ മുകളിലേക്ക് നോക്കൂ” എന്നാണ് യുഡിഎഫ് പോസ്റ്ററിലെ വാചകം. ഈ പോസ്റ്ററിൽ ചവിട്ടിനിന്ന് മുകളിലേക്ക് നോക്കിയാൽ എൽഡിഎഫിന്റെ ബോർഡിലെ “എൽഡിഎഫ് അല്ലാതെ മറ്റാര്” എന്ന ഉത്തരം കാണാം. സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാച്യു ഉൾപ്പെടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇത്തരത്തിൽ എൽഡിഎഫ് ബോർഡുകൾക്ക് താഴെ യുഡിഎഫ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

