കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊച്ചി മണ്ഡലത്തിൽ നാടകീയ നീക്കങ്ങൾ. ദീപ്തി മേരി വർഗീസ് കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥിയായി വന്നാൽ സഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സഭയോടുള്ള കടപ്പാട് അറിയിക്കാനാണ് എത്തിയതെന്നും ദീപ്തി വ്യക്തമാക്കി.(There is hope until the last moment, Deepthi Mary Varghese on Assembly elections)
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും അവസാന നിമിഷം വരെ പ്രതീക്ഷയുണ്ട്. താൻ സ്ഥാനാർത്ഥിയായാൽ ആവേശത്തോടെ പ്രവർത്തിക്കും, മറ്റാരെ നിശ്ചയിച്ചാലും അവർക്കൊപ്പം ഉണ്ടാകുമെന്നും ദീപ്തി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സ്വാഗതം നേർന്നുകൊണ്ട് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾ തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന സാധാരണ ബോർഡുകൾ മാത്രമാണെന്നും ദീപ്തി പ്രതികരിച്ചു. കൊച്ചി സീറ്റിനായി ഹൈക്കമാൻഡിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

