തിരുവനന്തപുരം: നേമം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി അവകാശപ്പെട്ടു. വികസനമില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹവുമായി പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.(Ready for debate with Rajeev Chandrasekhar, says Minister V Sivankutty)
നേമത്ത് വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ വികസന വിപ്ലവമാണ് നടന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. ഒ. രാജഗോപാൽ ഒരു ചെങ്കൽക്കട്ട പോലും എടുത്തു വെച്ചിട്ടില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങൾ രാജീവ് ചന്ദ്രശേഖറിന് മനസ്സിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. നേമത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യമായ വോട്ട് കച്ചവടം നടക്കുന്നുണ്ടെന്ന് ശിവൻകുട്ടി ആരോപിച്ചു. ഇത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും, ഇടതുപക്ഷത്തിന്റെ മുന്നേറ്റം തടയാൻ ഇത്തരം പിൻവാതിൽ ഇടപാടുകൾ കൊണ്ട് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ വിജയത്തെക്കുറിച്ചുള്ള ആന്റണിയുടെ പ്രവചനങ്ങൾ വെറുതെയാകും. മാറാടും മുത്തങ്ങയും നടന്നത് ആന്റണിയുടെ ഭരണകാലത്താണെന്ന് ഓർമ്മിപ്പിച്ച ശിവൻകുട്ടി, മകൻ ബിജെപിയിൽ ചേർന്നതിൽ എന്തെങ്കിലും ‘ഡീൽ’ നടന്നിട്ടുണ്ടോ എന്നും ചോദിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കാൻ ആന്റണിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.

