പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Palakkad vote note controversy, Statements of complainants recorded)
കണ്ണാടി തരുവകുറിശിയിലെ ഒരു വോട്ടർക്ക് എൻഡിഎ സ്ഥാനാർത്ഥിക്കൊപ്പം എത്തിയ ആൾ പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവയുടെ ആധികാരികത ഉറപ്പുവരുത്താൻ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.
മറ്റ് വീടുകളിലും സമാനമായ രീതിയിൽ പണം നൽകിയിട്ടുണ്ടോ എന്ന് പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ വരണാധികാരിയായ ആർഡിഒ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

