ആലപ്പുഴ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്നും എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവർ തമ്മിൽ നടന്ന ‘പൊളിറ്റിക്കൽ ഡീൽ’ പ്രകാരം ബിജെപിക്ക് എംഎൽഎമാരെ ഉണ്ടാക്കിക്കൊടുക്കാനാണ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.(Modi-Amit Shah-Pinarai Vijayan deal, says Ramesh Chennithala )
പാലക്കാട്, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥി നിർണ്ണയം ഈ രഹസ്യ ധാരണയുടെ തെളിവാണ്. ട്വന്റി20, ബിഡിജെഎസ് എന്നീ പാർട്ടികളുടെ സീറ്റുകളിലും ഇത്തരത്തിൽ ഡീൽ നടന്നിട്ടുണ്ട്. എൻഡിഎയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും ഫലത്തിൽ ഇടതുമുന്നണിയെ സഹായിക്കാനാണെന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി ചില ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ വിശ്വാസ സമൂഹത്തോട് മുഖ്യമന്ത്രി മാപ്പ് പറയുമോ എന്നും യുവതി പ്രവേശനത്തിൽ ഇപ്പോഴത്തെ നിലപാട് എന്താണെന്നും അദ്ദേഹം വ്യക്തമാക്കണം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിൻ്റെ കാര്യത്തിലെ നിലപാടിനെക്കുറിച്ചും ചെന്നിത്തല ചോദ്യമുന്നയിച്ചു.
മുഖ്യമന്ത്രി കേന്ദ്രത്തെയോ മോദിയെയോ വിമർശിക്കുന്നില്ലെന്നും പകരം മോദിയെ തൃപ്തിപ്പെടുത്താനായി രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ മന്ത്രി ജി. സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ ലജ്ജാകരമാണെന്ന് ചെന്നിത്തല പറഞ്ഞു. നവോത്ഥാന നായകനെന്ന് അവകാശപ്പെടുന്ന ഒരാളുടെ ഭാഷയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഏറ്റവും കൂടുതൽ നുണ പറയുന്ന വ്യക്തിയാണെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

