തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികൾ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഇടത് മുന്നണിയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് തീരുമാനം.(Kerala Assembly Election Date to be announced today, Political Fronts prepare to announce candidates)
എൽ ഡി എഫിലെ മുഴുവൻ സീറ്റുകളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായി. സി.പി.എമ്മും ഘടകകക്ഷികളും ഇന്ന് തന്നെ പട്ടിക പുറത്തുവിടും. തുടർഭരണത്തിനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറക്കും. എം.പിമാർ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുക എന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും നാളെ പുറത്തുവരും. ജയസാധ്യത കൂടുതലുള്ള ‘എ ക്ലാസ്’ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. കേരളത്തിൽ മാറ്റം വേണം എന്ന മുദ്രാവാക്യവുമായാണ് ബിജെപി ഇത്തവണ അങ്കത്തിനിറങ്ങുന്നത്. വൈകിട്ട് നാല് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം കഴിയുന്നതോടെ സംസ്ഥാനം ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും.

