കോട്ടയം: കത്തോലിക്കാ സഭാ നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പി.സി. ജോർജ്. മെത്രാന്മാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അദ്ദേഹം, സഭാനേതൃത്വം രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കി. ഷോൺ ജോർജിന്റെ വിമർശനങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നു പി സി ജോർജിന്റെ പ്രതികരണം.(If the bishops talk about politics, will face them politically, says PC George)
സഭയ്ക്ക് വേണ്ടി നിലകൊണ്ടിട്ടുള്ളത് ഞാനാണ്. എന്നിട്ടും എന്ത് കിട്ടിയിട്ടാണ് ഇവർ യുഡിഎഫിന് വോട്ട് ചെയ്യാൻ പറയുന്നത് എന്നും അദ്ദേഹം ചോദിച്ചു. വിദേശത്തുനിന്ന് വരുന്ന പണത്തിന് കണക്ക് നൽകാൻ സഭ തയ്യാറാകണം. എഫ്സിആർഎ നിയമം വരുമ്പോൾ ആശങ്കയുള്ളവർ വീട്ടിലിരിക്കട്ടെ. കേന്ദ്ര സർക്കാർ സഭയോട് വിട്ടുവീഴ്ചാ നിലപാട് സ്വീകരിച്ചിട്ടും സഭാനേതൃത്വം എതിർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഭയുടെ പത്രം വായിക്കുന്നവന് വട്ടാണ് എന്നായിരുന്നു പത്രത്തോടുള്ള പി സി ജോർജിന്റെ പരാമർശം. മെത്രാന്മാരല്ല സഭയെന്നും അവരുടെ എല്ലാ വാക്കുകളും കേട്ടുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാർ പറയുന്നത് കേട്ട് ജനം വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞുവെന്ന് പി.സി. ജോർജ് പറഞ്ഞു. മെത്രാന്മാർ ഊളത്തരം കാണിക്കരുത്. ബോധവും വിവരവുമില്ലാത്ത രീതിയിലാണ് അവരുടെ പെരുമാറ്റം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ നേതൃത്വത്തിന്റെ എതിർപ്പുകൾക്കിടയിലും പൂഞ്ഞാറിൽ താൻ വലിയ വിജയം നേടുമെന്ന് പി.സി. ജോർജ് അവകാശപ്പെട്ടു. മണ്ഡലത്തിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.

