തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ പാർട്ടിയിൽ അസാധാരണ പ്രതിസന്ധി. കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് പ്രത്യേക ഇളവ് നൽകിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ, അടൂർ പ്രകാശ് എംപിയും രംഗത്തെത്തി. ഇതോടെ സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടിയുടെ പൊതുനിലപാട് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(Has the high command finally bowed down to K Sudhakaran?)
കെ. സുധാകരൻ പാർട്ടി വിടുമെന്ന ഭീഷണി ഉയർത്തിയതോടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അനുനയ നീക്കങ്ങൾ സജീവമായി. ചെന്നിത്തല മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ആശയവിനിമയം നടത്തി. സുധാകരന് മാത്രമായി ഇളവ് നൽകുന്നതിന്റെ നിയമപരവും രാഷ്ട്രീയവുമായ വശങ്ങൾ ഹൈക്കമാൻഡ് പരിശോധിച്ചുവരികയാണ്.
സുധാകരന് ഇളവ് നൽകുന്നുണ്ടെങ്കിൽ തനിക്കും അതിന് അർഹതയുണ്ടെന്ന് അടൂർ പ്രകാശ് നേതൃത്വത്തെ അറിയിച്ചു. മത്സരരംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കി നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിൻവലിച്ചു. കോന്നി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും പാർട്ടി തീരുമാനം എന്തായാലും അവിടെ സജീവമായിരിക്കുമെന്നുമായിരുന്നു നേരത്തെയുള്ള കുറിപ്പ്.
ഒരാൾക്ക് മാത്രം ഇളവ് നൽകുന്നത് മറ്റ് എംപിമാരുടെ ഇടയിൽ വലിയ അതൃപ്തിക്ക് കാരണമാകുമെന്ന് എഐസിസി ഭയപ്പെടുന്നുണ്ട്. എന്നാൽ സുധാകരനെപ്പോലെയുള്ള ഒരു മുതിർന്ന നേതാവിനെ പിണക്കുന്നത് മേഖലയിൽ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് നീക്കങ്ങൾ.

