എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഐ.പി പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പറവൂർ മാറുന്നു. തുടർച്ചയായ വിജയങ്ങളിലൂടെ പറവൂരിനെ തന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ, ഇ.ടി. ടൈസൺ മാസ്റ്ററെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ സ്വന്തം മണ്ഡലത്തിൽ തളച്ചിടുക എന്ന കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിപിഐ ഈ നീക്കം നടത്തിയിരിക്കുന്നത്.(Fierce fight in Paravur, LDF’s ET Taison against VD Satheesan)
സംസ്ഥാനത്തുടനീളം യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്നും ഭരണവിരുദ്ധ വികാരം വോട്ടാകുമെന്നുമാണ് വി.ഡി. സതീശന്റെ കണക്കുകൂട്ടൽ. മണ്ഡലവുമായുള്ള ദീർഘകാല ബന്ധവും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള സ്വാധീനവുമാണ് സതീശന്റെ പ്രധാന ആയുധം. യുഡിഎഫിനെ അധികാരത്തിലേറ്റുന്നതിനൊപ്പം പറവൂരിലെ ഭൂരിപക്ഷം വർദ്ധിപ്പിക്കുക എന്നതും സതീശന്റെ ലക്ഷ്യമാണ്.
രണ്ട് ടേം നിബന്ധന നിലവിലുണ്ടെങ്കിലും വി.ഡി. സതീശനെപ്പോലെ ഒരു കരുത്തനായ നേതാവിനെ നേരിടാൻ പാർട്ടി ടൈസൺ മാസ്റ്ററെയാണ് പറവൂരിലേക്ക് നിയോഗിച്ചിരിക്കുന്നത്. കയ്പമംഗലം മണ്ഡലത്തിൽ നിന്ന് രണ്ട് തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച വ്യക്തിയാണ് അദ്ദേഹം. സാധാരണക്കാരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം പറവൂരിലെ വോട്ടർമാരെ സ്വാധീനിക്കുമെന്ന് എൽഡിഎഫ് കരുതുന്നു.

