കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടി കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Chief Minister’s election campaign to begin today)
തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ടി.കെ. ഗോവിന്ദൻ രംഗത്തെത്തിയത്. എം.വി. ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യം മുതലെടുത്ത് ഭാര്യയ്ക്ക് വേണ്ടി സീറ്റ് ഉറപ്പിച്ചത് പാർട്ടി മര്യാദകൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു.
പയ്യന്നൂർ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ മുൻ നേതാവ് വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് തന്നെ പുറത്താക്കിയ പാർട്ടി, ആരോപണവിധേയനായ വ്യക്തിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിനെയാണ് കുഞ്ഞികൃഷ്ണൻ ചോദ്യം ചെയ്യുന്നത്. തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി വോട്ടുകൾ ഭിന്നിക്കുമെന്നത് സി.പി.എമ്മിനെ ആശങ്കയിലാക്കുന്നുണ്ട്.
വിമത ശബ്ദങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെ പ്രചാരണ രംഗത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുകയാണ്. വൈകിട്ട് 3.30ന് മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച് പിണറായി വരെ നീളുന്ന വൻ റോഡ് ഷോയോടെയാണ് മുഖ്യമന്ത്രി പ്രചാരണത്തിന് തുടക്കമിടുന്നത്. വരും ദിവസങ്ങളിൽ തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ വിവാദ മണ്ഡലങ്ങളിൽ നേരിട്ടെത്തി അണികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

