Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ ഇവ.. | Assembly elections

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ ഇവ.. | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സംസ്ഥാനത്തെ പ്രമുഖ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വേദിയാകുന്നത്. മുന്നണി മാറ്റങ്ങളും അപ്രതീക്ഷിത സ്ഥാനാർത്ഥിത്വങ്ങളും പല മണ്ഡലങ്ങളിലെയും രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്.(Assembly elections, The constituencies Kerala is looking closely at )

കേരളം ഉറ്റുനോക്കുന്ന പ്രധാന പോരാട്ടങ്ങൾ ഏതൊക്കെയെന്ന് അറിയാം. തലസ്ഥാന ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മന്ത്രി വി. ശിവൻകുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കെ.എസ്. ശബരീനാഥനും നേർക്കുനേർ വരുന്നതോടെ കേരളം ഉറ്റുനോക്കുന്ന പോരാട്ടമായി നേമം മാറി. വി കെ പ്രശാന്തും കെ. മുരളീധരനും ആർ. ശ്രീലേഖയും എത്തുന്നതോടെ വട്ടിയൂർക്കാവിൽ മത്സരം പ്രവചനാതീതമാണ്.

കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനും ഏറ്റുമുട്ടുമ്പോൾ ശരത് ചന്ദ്രപ്രസാദിലൂടെ കഴക്കൂട്ടം മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമം. ചില മണ്ഡലങ്ങളിൽ പഴയ സഹപ്രവർത്തകർ തമ്മിലുള്ള പോരാട്ടം കൗതുകകരമാണ്. അമ്പലപ്പുഴയിൽ ജി. സുധാകരൻ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നത് ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയാണ്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നത് സിപിഎം കോട്ടയിൽ വിള്ളലുണ്ടാക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ഇടത് സഹയാത്രികൻ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത് വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിക്ക് വലിയ സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പേരാവൂരിൽ കെ.കെ. ശൈലജയും സണ്ണി ജോസഫും തമ്മിലുള്ള പോരാട്ടം കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്ത് തെളിയിക്കാനുള്ള വേദിയാകും. സിനിമാ താരം രമേഷ് പിഷാരടിയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഏറ്റുമുട്ടുമ്പോൾ പാലക്കാട് ആർക്കൊപ്പം നിൽക്കുമെന്നത് നിർണ്ണായകമാണ്. ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെതിരെ അബിൻ വർക്കിയും കുമ്മനം രാജശേഖരനും മത്സരരംഗത്തുണ്ട്. വികസനവും ആരോഗ്യവകുപ്പിലെ വിവാദങ്ങളും ഇവിടെ പ്രധാന ചർച്ചാവിഷയങ്ങളാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.