കൊച്ചി: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഴിതെറ്റിക്കാൻ അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്ന രീതിക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടിയാണെന്നും ഒരു സ്ഥാനാർത്ഥിക്കും അർഹമായ വോട്ടുകൾ നഷ്ടപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.(Appointing dummy candidates are tantamount to killing democracy, slams High Court )
അപരന്മാരെ മത്സരരംഗത്തിറക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യമാണ്. ഇത് വോട്ടർമാർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത്തരം നീക്കങ്ങൾ തെരഞ്ഞെടുപ്പിന്റെ സുതാര്യതയെയും അന്തസ്സറ്റെയും ബാധിക്കും. ഇത് അടിയന്തരമായി തടയേണ്ടതുണ്ട്.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിൽ അപരന്മാരെ നിർത്തുന്ന പ്രവണത കാണിക്കുന്നുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രമുഖ സ്ഥാനാർത്ഥികൾക്ക് അപരന്മാർ വലിയ വെല്ലുവിളിയാകുന്നുണ്ട്. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന് നാല് അപരന്മാരാണ് മണ്ഡലത്തിലുള്ളത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ. ശശിക്കും സമാനമായ പേരുള്ള അപര സ്ഥാനാർത്ഥിയുടെ ഭീഷണിയുണ്ട്. ഭൂരിഭാഗം മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ ഇത്തരം അപരന്മാർ പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.

