തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന അവസരത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് അഘോരി സന്യാസിയുടെ അനുഗ്രഹം. നെടുങ്കാട് ഭാഗത്ത് ഭവന സന്ദർശനം നടത്തുന്നതിനിടെയാണ് കാറിലെത്തിയ അഘോരി സന്യാസിയും മറ്റ് രണ്ട് സന്യാസിമാരും സ്ഥാനാർത്ഥിയെ കാണാനെത്തിയത്.(Aghori monk blesses BJP state president Rajeev Chandrasekhar )
രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച സന്യാസി, താൻ കാശിയിൽ തപസ്സിലായിരുന്നുവെന്ന് വ്യക്തമാക്കി. യോഗി ആദിത്യനാഥ് പറഞ്ഞയച്ചിട്ടാണ് തങ്ങൾ എത്തിയതെന്നും ബിജെപി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കുകയാണ് ലക്ഷ്യമെന്നും സന്യാസിമാർ പറഞ്ഞു.
കന്യാകുമാരിയിലേക്കാണ് തങ്ങളുടെ യാത്രയെന്നും അവർ കൂട്ടിച്ചേർത്തു. സന്യാസിസംഘം സ്ഥാനാർത്ഥിക്കൊപ്പം നടക്കാമെന്ന് പറഞ്ഞെങ്കിലും രാജീവ് ചന്ദ്രശേഖറോ ഒപ്പമുണ്ടായിരുന്ന പ്രവർത്തകരോ അതിനെ പ്രോത്സാഹിപ്പിച്ചില്ല.

