ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങൾ ഫലം കാണുന്നു. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.(S Jaishankar on LPG crisis and talks with Iran)
ഇറാനുമായുള്ള സമാധാനപരമായ ചർച്ചകളുടെ ഫലമായി ഇന്ത്യയുടെ രണ്ട് പ്രധാന ഇന്ധനക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി യാത്ര തിരിച്ചു. ശിവാലിക്, നന്ദാ ദേവി എന്നീ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളാണ് യാത്ര തിരിച്ചത്. ഏകദേശം 92,712 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ആണ് ഈ കപ്പലുകളിലുള്ളത്.
ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലാണ് ഇവ എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ‘പൊതുവായ അനുമതി’ നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകരം, ഓരോ കപ്പലിന്റെയും നീക്കം പ്രത്യേകം പരിശോധിച്ച്, ഇറാനുമായി നിരന്തരം ആശയവിനിമയം നടത്തിയാണ് അനുമതി ലഭ്യമാക്കുന്നത്. യുക്തിസഹമായ ചർച്ചകളിലൂടെ ഏകോപനം നടത്തുന്നതാണ് പ്രശ്നപരിഹാരത്തിന് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തലുകൾക്കിടെയാണ് ജയ്ശങ്കറിന്റെ ഈ പ്രതികരണം.
ഇറാനുമായി ആശയവിനിമയ ചാനലുകൾ നിലനിർത്തുന്ന യൂറോപ്യൻ രാജ്യങ്ങൾക്കും ഇന്ത്യയുടെ ഈ നയതന്ത്ര മാതൃക പിന്തുടരാവുന്നതാണ്. ആവശ്യമുണ്ടെങ്കിൽ ഈ സമീപനം മറ്റ് രാജ്യങ്ങളുമായി പങ്കിടാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്.

