ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ പാർലമെന്റിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഇത് സംബന്ധിച്ച പുതിയ ബില്ലിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ‘ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈനിക-സുരക്ഷാ സേനകളുടെ പ്രത്യാക്രമണം’ എന്ന പേരിലാണ് ഇറാൻ ഔദ്യോഗികമായി നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.(Iran Trump assassination bounty, Iran Parliament Proposes Millions In Bounty For Assassination Of Donald Trump and Benjamin Netanyahu)
കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്‌റാനിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ട്രംപിനെയും നെതന്യാഹുവിനെയും വധിക്കാൻ ഇറാൻ പരസ്യമായി നിയമനിർമ്മാണം നടത്തുന്നത്. ട്രംപിനും നെതന്യാഹുവിനും പുറമേ, യു.എസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പറെയും ഈ പ്രത്യാക്രമണ പട്ടികയിൽ ഇറാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ‘നരകത്തിലേക്ക് വഴിതുറക്കുന്നവർക്ക്’ ഉടൻ തന്നെ പ്രതിഫലം പ്രഖ്യാപിക്കുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കമ്മീഷൻ അംഗം മഹ്മൂദ് നബാവിയാനും വ്യക്തമാക്കി.
ട്രംപിനെ വധിക്കാനുള്ള ‘കിൽ ട്രംപ്’ കാമ്പെയ്‌നായി ഭരണകൂട അനുകൂല മാധ്യമമായ ‘മസഫ്’ ഇതിനോടകം തന്നെ 50 മില്യൺ ഡോളർ ധനസമാഹരണം നടത്തിയതായി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, ഇറാന്റെ ഔദ്യോഗിക സൈബർ ഗ്രൂപ്പായ ‘ഹൻദാല’യും ഇതേ തുക പ്രതിഫലമായി പ്രഖ്യാപിച്ച് രംഗത്തെത്തി. തങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളെ പിടികൂടാൻ സഹായിക്കുന്നവർക്ക് യു.എസ് നീതിന്യായ വകുപ്പ് 10 മില്യൺ ഡോളർ പ്രഖ്യാപിച്ചതിനെ തുടർന്നാണ്, ലോകത്തിലെ ഏറ്റവും വലിയ അടിച്ചമർത്തലുകളുടെ ശില്പികളായ ട്രംപിനെയും നെതന്യാഹുവിനെയും ഇല്ലാതാക്കുന്നവർക്ക് 50 മില്യൺ ഡോളർ നൽകുമെന്ന് ഹൻദാല വ്യക്തമാക്കിയത്.
ഇറാന്റെ ഈ നീക്കം മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സാഹചര്യത്തെ പൂർണ്ണമായും തകിടം മറിക്കുന്നതും യുദ്ധസാഹചര്യത്തെ കടുപ്പിക്കുന്നതുമാണ്. മുൻപ് ഇറാനെതിരെ ട്രംപ് നടത്തിയ പ്രസ്താവനയിൽ, തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാൻ യു.എസ് സൈന്യത്തിന് കർശന നിർദ്ദേശം നൽകുമെന്ന് താക്കീത് ചെയ്തിരുന്നു. പുതിയ സമാധാന ചർച്ചകൾക്കായി ഇറാൻ അമേരിക്കയ്ക്ക് മുൻപിൽ പുതിയ നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ടെങ്കിലും, അതിൽ കാര്യമായ പുരോഗതിയില്ലെന്നാണ് വാഷിംഗ്ടണിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം.
Story Summary
The Iranian parliament is set to vote on a bill proposing a $58 million bounty for the assassination of US President Donald Trump and Israeli PM Benjamin Netanyahu. This move is in retaliation for the February 28 airstrikes on Tehran that killed Supreme Leader Ali Khamenei, significantly escalating tensions despite ongoing regional ceasefire talks.

