കൊല്ലം: വൻ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളിൽ ഉൾപ്പെട്ട പങ്കജ് ഭണ്ഡാരി, കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിട്ടും പ്രത്യേക അന്വേഷണസംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കോടതി ‘സ്വാഭാവിക ജാമ്യം’ നൽകിയത്.(Sabarimala gold theft case, Govardhan and Pankaj Bhandari granted Statutory Bail)
കേസ് അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതിൽ എസ്ഐടി പരാജയപ്പെട്ടു. ഇതോടെയാണ് പ്രതികൾക്ക് നിയമപരമായി ജാമ്യത്തിന് അർഹത ലഭിച്ചത്. എട്ടു പ്രതികൾക്കും കുറ്റപത്രം വൈകിയതിനാലാണ് ജാമ്യം ലഭിച്ചത്.
നേരത്തെ ജാമ്യം തേടി ഗോവർധൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി വിധിയിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളിയിരുന്നു. താനൊരു അയ്യപ്പഭക്തനാണെന്നും തട്ടിപ്പിൽ പങ്കില്ലെന്നുമായിരുന്നു ഗോവർധന്റെ വാദം. എന്നാൽ കീഴ്ക്കോടതിയിൽ നിന്ന് ഇപ്പോൾ സ്വാഭാവിക ജാമ്യം ലഭിച്ചത് പ്രതികൾക്ക് വലിയ ആശ്വാസമായി.

