കൊച്ചി: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകി. തനിക്കെതിരെ ചുമത്തിയിട്ടുള്ള പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.(Rape case, Congress councilor moves High Court seeking anticipatory bail)
ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതാണ് പരാതിയെങ്കിൽ അതിൽ ജാതി അധിക്ഷേപത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. അതിനാൽ എസ്.സി/എസ്.ടി വകുപ്പുകൾ ചുമത്തിയത് തെറ്റാണെന്ന് ഹർജിയിൽ വാദിക്കുന്നു. പരാതിക്കാരിയായ യുവതിയുമായി തനിക്ക് ദീർഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറത്തായപ്പോഴാണ് തനിക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയതെന്നും പ്രശോഭ് ആരോപിക്കുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി സംഭവത്തിൽ പോലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മെയ് അഞ്ചാം തീയതിയിലേക്ക് മാറ്റി.

