കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദനാ ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒരു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് വിധി. പ്രതിക്ക് നൽകേണ്ട ശിക്ഷാവിധി മറ്റന്നാൾ കോടതി പ്രഖ്യാപിക്കും.(Dr. Vandana Das murder case, Court finds accused Sandeep guilty)
കേസിൽ 70-ലധികം സാക്ഷികളെ വിസ്തരിച്ചു. വന്ദനയുടെ സുഹൃത്തുക്കളായ ഡോക്ടർമാരും പോലീസുകാരും ഉൾപ്പെടെയുള്ളവർ ഇതിൽ ഉൾപ്പെടുന്നു. 207 രേഖകളും 22 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആശുപത്രിയിൽ സന്ദീപ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതിക്കെതിരെയുള്ള നിർണ്ണായക തെളിവായി കോടതി സ്വീകരിച്ചു.
2023 മെയ് 10-ന് പുലർച്ചെയാണ് കേരള മനഃസാക്ഷിയെ മരവിപ്പിച്ച കൊലപാതകം നടന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച സന്ദീപ്, പ്രകോപിതനായി ഡ്രസിംഗ് റൂമിലെ സർജിക്കൽ കത്രിക ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാരെയും ജീവനക്കാരെയും കുത്തി പരിക്കേൽപ്പിച്ച സന്ദീപ്, ഓടി രക്ഷപ്പെടാൻ കഴിയാതിരുന്ന വന്ദനയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.
സ്കൂൾ അധ്യാപകനായിരുന്ന പ്രതി സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണെന്നും, യാതൊരു പ്രകോപനവുമില്ലാതെ നിരായുധയായ ഒരു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗം വാദം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തള്ളുകയായിരുന്നു.

