ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട്. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും, അന്താരാഷ്ട്ര സാഹചര്യങ്ങൾക്കനുസരിച്ച് എണ്ണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(Will not completely give up Russian oil, India says energy security a priority)
അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യൻ എണ്ണ ഒഴിവാക്കാൻ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന് പിന്നാലെ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ റഷ്യ ഈ വാദങ്ങളെ തള്ളി.
ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത് ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ട് എന്നാണ്. റഷ്യ ഇന്ത്യയുടെ ഏക എണ്ണ വിതരണക്കാരല്ലെന്ന് തങ്ങൾക്കറിയാം എന്നും, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നതായി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണ വ്യാപാരം ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നും ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയ്ക്ക് ഇത് അത്യാവശ്യമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി.



