തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ അരുൺ കുമാർ. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനത്തിന് ഒപ്പമായിരിക്കും കുടുംബമെന്ന് അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(Padma Award for VS Achuthanandan, Family says it will stand by party’s stance)
ഏതൊരു പുരസ്കാരത്തേക്കാളും വലുത് ജനഹൃദയങ്ങളിൽ വി.എസിനുള്ള സ്ഥാനമാണെന്ന് അരുൺ കുമാർ കുറിച്ചു. നേരത്തെ പുരസ്കാരം പ്രഖ്യാപിച്ച സമയത്തുണ്ടായിരുന്ന അതേ നിലപാട് തന്നെയാണ് അരുൺ കുമാർ ഇപ്പോഴും ആവർത്തിച്ചിരിക്കുന്നത്. വി.എസിന്റെ അഭാവത്തിൽ കുടുംബത്തിന്റെ തീരുമാനം എന്താകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നതിനിടെയാണ് ഈ പ്രതികരണം.
പുരസ്കാരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുരസ്കാര പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരുന്നു. വി.എസ് ജീവിച്ചിരുന്നെങ്കിൽ ഈ പുരസ്കാരം നിരസിക്കുമായിരുന്നു എന്നായിരുന്നു എം.എ. ബേബിയുടെ നിലപാട്.

