തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിയമനങ്ങളാണ് നടപ്പിലാക്കുന്നത്.(New posts have been sanctioned in government services in Kerala, Cabinet meeting takes decision)
ഇടുക്കി ഉടുമ്പഞ്ചോലയിൽ ആരംഭിക്കുന്ന സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ആകെ 25 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 21 എണ്ണം റെഗുലർ തസ്തികകളും 4 എണ്ണം കോൺട്രാക്ട് അടിസ്ഥാനത്തിലുമുള്ളവയുമാണ്.
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ പരിശോധനകളും ഗുണനിലവാര ഉറപ്പുവരുത്തലും ശക്തമാക്കുന്നതിന്റെ ഭാഗമായി 12 പുതിയ തസ്തികകൾ അനുവദിച്ചു. 10 ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ, 2 റീജിയണൽ/സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ എന്നിങ്ങനെയാണിത്.
രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിലെ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യാൻ തീരുമാനമായി. കണ്ണൂർ തായിനേരി എസ്.എ.ബി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) അറബിക് തസ്തിക എച്ച്.എസ്.എസ്.ടിയായി ഉയർത്തി. കോട്ടയം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ് തസ്തിക എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് ആയി അപ്‌ഗ്രേഡ് ചെയ്തു.

