ലണ്ടൻ: ക്രിക്കറ്റ് മൈതാനത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു സംഭവത്തിന് സാക്ഷ്യം വഹിച്ച് ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ലീഗ്. നോട്ട് ഔട്ടാണെന്ന് ഓൺ-ഫീൽഡ് അമ്പയർമാർ വിധി എഴുതിയിട്ടും, താൻ ഔട്ടാണോ എന്ന് പരിശോധിക്കാൻ അമ്പയർമാരോട് സ്വയം ആവശ്യപ്പെട്ട് റണ്ണൗട്ടായി ന്യൂസിലൻഡ് താരം മിച്ചൽ സാന്റ്നർ. ട്രെന്റ് റോക്കറ്റ്‌സും ബർമിംഗ്ഹാം ഫീനിക്‌സും തമ്മിൽ നടന്ന മത്സരത്തിനിടയിലാണ് സാന്റ്നറുടെ അമിത സത്യസന്ധത തിരിച്ചടിയായത്.(Mitchell Santner Asks Umpires To Recheck Run Out Appeal Declared Out In The Hundred)
215 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ട്രെന്റ് റോക്കറ്റ്സിനായി അവസാന ഘട്ടത്തിലാണ് സാന്റ്നർ ബാറ്റ് ചെയ്യാനെത്തിയത്. സിംഗിളിനായുള്ള ശ്രമത്തിനിടയിൽ സാന്റ്നർ ക്രീസിലെത്തുന്നതിന് മുൻപ് ബെയിൽസ് ഇളകിയെങ്കിലും ഓൺ-ഫീൽഡ് അമ്പയർമാർ സാന്റ്നറെ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു. എന്നാൽ സാന്റ്നർ തന്നെ താൻ ഔട്ടാണോ എന്ന് സംശയം പ്രകടിപ്പിക്കുകയും അമ്പയർമാരോട് മൂന്നാം അമ്പയറുടെ പുനഃപരിശോധന തേടാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് റിവ്യൂവിൽ സാന്റ്നർ ക്രീസിന് പുറത്താണെന്ന് വ്യക്തമാകുകയും ഔട്ട് വിധിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ “കിവികൾ വളരെ നല്ലവരാണ്, അവൻ മിണ്ടാതിരിക്കണമായിരുന്നു” എന്ന് മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂൾ കമന്ററി ബോക്സിൽ പ്രതികരിച്ചു. “ബാറ്റർ തന്നെ റിവ്യൂ ആവശ്യപ്പെട്ട് ഒടുവിൽ ഔട്ടാകുന്നു, ഇത് വിശ്വസിക്കാനാകുമോ?” എന്നായിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം. മത്സരത്തിൽ ട്രെന്റ് റോക്കറ്റ്‌സ് 10 റൺസിന് പരാജയപ്പെട്ടു.
Story Summary
New Zealand all-rounder Mitchell Santner experienced a bizarre dismissal in The Hundred tournament after himself asking the umpires to re-check a run-out appeal that had initially been ruled not out. Upon the third umpire’s review, Santner was declared out as he was short of his crease, prompting commentators Simon Doull and Ravi Shastri to react with disbelief to his honesty.


