ന്യൂഡൽഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ഞായറാഴ്ച ചുമതലയേറ്റു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഉയർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച രാജിവെച്ചതിനെ തുടർന്നാണ് പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്. നിലവിൽ ഉപഭോക്തൃ കാര്യ മന്ത്രിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.(Pralhad Joshi Assumes Charge As Union Education Minister Replacing Dharmendra Pradhan)
ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രൾഹാദ് ജോഷി നന്ദി അറിയിച്ചു. “എന്നെ വിശ്വസിച്ച് ഈ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചതിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോട് നന്ദിയുണ്ട്. വിനയത്തോടെയും അത്യന്തം കർത്തവ്യബോധത്തോടെയും ഞാൻ ഈ ചുമതല ഏറ്റെടുക്കുന്നു,” അദ്ദേഹം എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതൽ ശക്തിപ്പെടുത്താൻ തന്റെ പരമാവധി കഴിവുപയോഗിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വൻ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചകൾക്കും ധർമേന്ദ്ര പ്രധാന്റെ രാജിക്കും പിന്നാലെയാണ് വിദ്യാർത്ഥികൾ സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ മുൻ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച ജോഷി, പരീക്ഷാ പരിഷ്കരണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വ്യക്തമാക്കി.
Story Summary
Pralhad Joshi assumed charge as the Union Minister of Education on Sunday, taking over the additional responsibility following the resignation of Dharmendra Pradhan over the NEET paper leak controversy. Expressing gratitude to Prime Minister Narendra Modi, Joshi stated he accepts the role with humility and commitment, promising to strengthen the national education system and push forward examination reforms.


