ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദീപ്കെക്ക് (Abhijeet Deepke typhoid) ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ചികിത്സയിൽ കഴിയുകയാണെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ വിദ്യാർഥികളുടെ സമരം തുടരുമെന്ന് ദീപ്കെ വ്യക്തമാക്കി.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ആരോഗ്യവിവരവും സമരവുമായി ബന്ധപ്പെട്ട നിലപാടും അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമരത്തിന് പിന്തുണ നൽകിയ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നന്ദി അറിയിച്ച അദ്ദേഹം, പ്രക്ഷോഭം വിജയകരമായി മുന്നേറുകയാണെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പറഞ്ഞു.
അതേസമയം, സി.ജെ.പി പ്രതിനിധികളും കേന്ദ്ര സർക്കാറും തമ്മിലുള്ള മൂന്നാംഘട്ട ചർച്ച ഇന്ന് ഉച്ചയ്ക്ക് 3.30ന് നടക്കും. സമരത്തിന്റെ ഭാവി നിർണയിക്കുന്ന നിർണായക കൂടിക്കാഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിൽക്കുമ്പോൾ, മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇന്നലെ നടന്ന രണ്ടാംഘട്ട ചർച്ച ഏകദേശം രണ്ട് മണിക്കൂർ നീണ്ടു. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഇന്ന് തീരുമാനമറിയിക്കാമെന്ന് ചർച്ചയ്ക്കിടെ സൂചന നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർഥികളുടെ കുടുംബങ്ങൾക്ക് ₹1 കോടി വീതം നഷ്ടപരിഹാരം നൽകുക, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുക, ഭാവിയിൽ പ്രതികാര നടപടികൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ചർച്ചയിൽ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര പ്രസാദും പങ്കെടുത്തു. സി.ജെ.പി വക്താക്കളായ സൗരവ് ദാസും അതോഷ് രങ്കയും സമരം അവസാനിപ്പിക്കുന്നതിനുള്ള മൂന്ന് പ്രധാന ആവശ്യങ്ങളും പരീക്ഷാ സംവിധാനത്തിൽ നടപ്പാക്കേണ്ട അഞ്ച് പരിഷ്കരണ നിർദേശങ്ങളും സർക്കാരിന് മുന്നിൽ അവതരിപ്പിച്ചതായാണ് വിവരം.
Story Summary:
CJP leader Abhijeet Deepke announced that he has been diagnosed with typhoid but said the student protest will continue until Union Education Minister Dharmendra Pradhan resigns. A crucial third round of talks between CJP representatives and the Central Government is scheduled to decide the future course of the agitation.


