പാലക്കാട്: ദേശീയപാതയിൽ തണ്ണിമത്തൻ കയറ്റി വന്ന പിക്കപ്പ് വാനിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം വെച്ച് ടൗൺ സൗത്ത് പൊലീസാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.(Huge cache of explosives seized in Palakkad, Over 100 boxes hidden among watermelons in lorry)
രാത്രി എട്ടരയോടെയാണ് സംഭവം. വാഹനം നിർത്താതെ പോയതിനെ തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനത്തിൽ പരിശോധന നടത്തിയപ്പോഴാണ് തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ നൂറിലധികം പെട്ടികൾ കണ്ടെത്തിയത്.
നൂറിലധികം പെട്ടി ജലാറ്റിൻ സ്റ്റിക്കുകൾ, വൻതോതിലുള്ള ഡിറ്റനേറ്ററുകളും ഫ്യൂസുകളും എന്നിവയാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ ധാരാപുരം തുപ്പൂരിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തൃശ്ശൂർ ഭാഗത്തേക്കാണ് ലോഡ് കൊണ്ടുപോയിരുന്നത്. കരിങ്കൽ ക്വാറികളിലെ ഉപയോഗത്തിനായി അനധികൃതമായി കടത്തിയതാകാം ഇത്രയും വലിയ ശേഖരം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

