തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് (Attukalunni interim bail) മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് തിരുവനന്തപുരം ജില്ലാ കോടതി മാനുഷിക പരിഗണന മുൻനിർത്തി ജാമ്യം അനുവദിച്ചത്.
ആറ്റുകാൽ ഉണ്ണിയുടെ പിതാവ് സി. രാമചന്ദ്ര നായർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പിതാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സമയത്ത് ജാമ്യം തേടി അദ്ദേഹം കോടതിയെ സമീപിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റ് കോടതിയും പിന്നീട് ജില്ലാ കോടതിയും അപേക്ഷ തള്ളുകയായിരുന്നു.
തുടർന്ന് പിതാവിന്റെ നിര്യാണത്തെ തുടർന്ന് വീണ്ടും സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഇപ്പോൾ ഇടക്കാല ആശ്വാസം നൽകിയത്. മൂന്ന് ദിവസത്തെ ജാമ്യ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഇയാൾ വീണ്ടും കോടതിയിൽ ഹാജരാകേണ്ടി വരും.
സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് റെയ്ഡിനായെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ചിരുന്ന വാഹനത്തെയും ആക്രമിച്ച സംഭവത്തിലാണ് ആറ്റുകാൽ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Story Summary:
CPM Thiruvananthapuram District Committee member Attukal Unni, an accused in the attack on Enforcement Directorate (ED) officials, has been granted three days of interim bail by the District Court to attend his father’s funeral rituals.


