ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധക്കാർക്ക് ഗുരുതര പരിക്ക്. ജൂലൈ 20-ന് പാർലമെന്റിലേക്ക് കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ മാർച്ചിനിടെ സുരക്ഷാ സേന പെല്ലറ്റ് ഗൺ പ്രയോഗിച്ചതായാണ് ആരോപണം. പെല്ലറ്റ് പ്രയോഗത്തിൽ നാലോളം പേർക്ക് പരിക്കേറ്റതായും ഇവരിൽ ചിലരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.(Delhi Student Protest Pellet Gun Injuries Protesters Face Permanent Disabilities)
ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ഷെയ്ഖ് ഇർഷാദ് മൻസൂരി (25), ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സാഹിൽ ലോച്ചാബ് (20) എന്നിവരടക്കമുള്ളവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൻസൂരിയുടെ മുഖത്തും കഴുത്തിലും ഒട്ടേറെ പെല്ലറ്റുകളാണ് തറച്ചുകയറിയത്. ശസ്ത്രക്രിയയിലൂടെ ഭൂരിഭാഗവും നീക്കം ചെയ്തെങ്കിലും, കഴുത്തിലെ പ്രധാന രക്തക്കുഴലിന് തൊട്ടടുത്ത് കിടക്കുന്ന ഒരു പെല്ലറ്റ് മാറ്റുന്നത് അപകടകരമായതിനാൽ അത് നീക്കം ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
പോലീസിൽ ചേരാൻ ആഗ്രഹിച്ച് പരീക്ഷ എഴുതിയിരുന്ന സാഹിൽ ലോച്ചാബിന്റെ വലതുകണ്ണിലാണ് പെല്ലറ്റ് തറച്ചത്. കണ്ണിന്റെ കാഴ്ച തിരികെ ലഭിക്കാൻ ഒരു ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. 26-ഓളം പെല്ലറ്റ് മുറിവുകളാണ് മറ്റൊരാളുടെ ശരീരത്തിൽ കണ്ടെത്തിയത്.
ഡൽഹി പോലീസ് പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നും ഇത്തരം വാർത്തകൾ വ്യാജമാണെന്നും വ്യക്തമാക്കി. എന്നാൽ, അക്രമം അടിച്ചമർത്താൻ രംഗത്തുണ്ടായിരുന്ന കേന്ദ്ര പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് പ്രയോഗിച്ചോ എന്ന കാര്യത്തിൽ കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് ഗൺ പോലുള്ള വിനാശകരമായ ആയുധങ്ങൾ ഉപയോഗിച്ചതിനെതിരെ പ്രമുഖർ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Story Summary
Protesters in Delhi sustained severe, life-altering injuries following alleged pellet gun firing by security forces during a youth-led march to Parliament. While one 25-year-old protester faces living with a pellet permanently lodged near a critical blood vessel in his neck, a 20-year-old Delhi University student risks completely losing vision in his right eye.


